Wednesday 23 March 2011

പാഠപുസ്തകങ്ങൾ പറയാതിരുന്നത്....




സ്കൂൾക്ലാസ്സുകളിൽ ചരിത്രപുസ്തകങ്ങളിലെ സ്ഥിരം സ്മര്യപുരുഷനായിരുന്നു അക്ബർ. ‘മഹാനായ അക്ബർ’ എന്നാണ് പാഠപുസ്തകങ്ങളും ടീച്ചർമാരും വിളിച്ചിരുന്നത്. മാർജ്ജിനിൽ PV എന്ന് ചുരുക്കപ്പേരിൽ ‘പരീക്ഷയ്ക്കു വരും’ എന്ന ഭീഷണി എഴുതിച്ചേർത്ത സ്ഥിരം എസ്സേകൾ അദ്ദേഹത്തെക്കുറിച്ച് എല്ലാവർഷവും ടീച്ചർമാർ തരും. അദ്ദേഹത്തിന്റെ ഭരണകാലത്തെ ‘സുവർണ്ണകാല’മെന്നാണ് അവർ വിളിച്ചിരുന്നത്. തൻസെനിന്റെ സംഗീതം, വീർബലിന്റെ ബുദ്ധിവൈഭവം, ദിൻ ഇലാഹി, അക്ബർനാമ .. പറഞ്ഞാൽ തീരില്ല അദ്ദേഹത്തെപ്പറ്റി.

നമ്മുടെ കാലഘട്ടത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവളാണു ഞാൻ. പിന്നെയാണ് നൂറ്റാണ്ടുകൾക്കു പിന്നിലെ ഭാരതചക്രവർത്തിയുടെ മനസ്സ്! എങ്കിലും, പിൽക്കാല വായനയിൽ , മനസ്സിലെ അക്ബർവിഗ്രഹത്തെ തകർത്തുകളഞ്ഞ  ചില സംശയങ്ങൾ ഉന്നയിക്കാതെ വയ്യ.

സലിം രാജകുമാരനെ പ്രണയിച്ചു എന്നതു മാത്രമല്ലേ, രാജസ്ഥാൻ മരുഭൂമിയിലെവിടെയോ ജീവനോടെ ഖബറടക്കപ്പെടാൻ  അനാർക്കലി ചെയ്ത തെറ്റ്? വെറുമൊരു ദാസിപ്പെണ്ണ് ജീവിച്ചിരിക്കുന്നതിനെ ഭാരത ചക്രവർത്തി ഇത്ര ഭയന്നതെന്തിനായിരുന്നു?

പ്രജാക്ഷേമപരമായ നിരവധി കല്പനകൾ ചക്രവർത്തി പുറപ്പെടുവിച്ചുണ്ടാവാം. എന്നാൽ, ആ എല്ലാ നന്മകളെയും റദ്ദാക്കുന്ന ഒരു കല്പന കൂടി അക്ബറിൽ നിന്നുണ്ടായി. അതിഭീകരവും ദൂരവ്യാപകവുമായ ഒരുഗ്രശാസനം. ‘മുഗൾ രാജകുടുംബത്തിലെ ഒരു പെൺകുട്ടി പോലും വിവാഹിതയാകാൻ പാടില്ല‘ എന്ന് ! ഇത്രയും നിഷ്ഠൂരവും സ്വമാതാവിനെ നിഷേധിക്കുന്നതുമായ ഒരു വിധി പുറപ്പെടുവിക്കാൻ ആ ഭരണാധികാരിയെ പ്രേരിപ്പിച്ച ഘടകകമെന്തെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത്രയും സ്ത്രീവിദ്വേഷപരമായ (ആ പദം ഉപയോഗിക്കുന്നത് ക്ഷമിക്കുക) വിധികളും വിലക്കുകളും പ്രചീന നമ്പൂതിരിമാർ പോലും ഏർപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു. ഷാജഹാന്റെ പുത്രിയായ ജഹ്‌നാര  തന്റെ ആത്മകഥയിൽ മുഗൾഭരണത്തിന്റെ നിർദ്ദയത്വത്തെ രേഖപ്പെടുത്തിയിരിക്കുന്നത് നുറുങ്ങുന്ന ഹൃദയത്തോടെയേ നമുക്ക് വായിക്കാനാകൂ.

പാഠപുസ്തകങ്ങളുടെ ‘മഹാനായ അക്ബർ‘ എന്തേ ഹൃദയശൂന്യനായ ഭരണാധികാരിയായി?  എന്റെ മേൽ മുൻ‌വിധിയുടെ വിഷാരോപണം ഉന്നയിക്കാതെ ആരെങ്കിലും മറുപടി തന്നിരുന്നെങ്കിൽ.



Saturday 19 March 2011

തിരസ്കൃതർ





കവിയും കാമുകനും ഭ്രാന്തനും ഒരേ വർഗ്ഗത്തിൽ പെട്ടവരാണെന്ന് ആംഗലകവി പറഞ്ഞിട്ടുണ്ട്.സ്വഭാവത്തിൽ ഇവർ മൂവരും സമാനരാണത്രേ. ഈ മൂന്നു കൂട്ടരെയും പ്രകോപിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നവനാണ് ശ്രീമാൻ ചന്ദ്രൻ! ചന്ദ്രദർശനം മൂവരെയും സ്വധീനിക്കുന്നു എന്ന് നമ്മുടെ മഹാകവികളും സാദാകവികളും എഴുതിയിട്ടുണ്ട്.

അങ്ങനെയെങ്കിൽ ഇന്ന് ആ സ്വാധീനം  എന്തായിരിക്കും? ഇന്നാണത്രേ ‘സൂപ്പർ മൂൺ’ പ്രതിഭാസം. സൂപ്പർമൂൺ കാരണം പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്നു ഉണ്ടാകില്ലെന്നും രണ്ടുപക്ഷം. പ്രകാശവും വലിപ്പവുമേറിയ ചന്ദ്രൻ ഇന്നു രാത്രി പ്രത്യക്ഷനാകുമ്പോൾ  നമ്മുടെ കവികളും കാമുകന്മാരും ഭ്രാന്തന്മാരും എന്തെല്ലാം ഭൂകമ്പങ്ങളും സുനാമികളും അണുപ്രസരണങ്ങളുമാകും സൃഷ്ടിക്കുക! നാളെ രാവിലെ വരെ കാത്തിരിക്കുക തന്നെ.

പക്ഷേ, കവികളും കാമുകന്മാരും ഭ്രാന്തന്മാരുമേ ആ ലിസ്റ്റിലുള്ളൂ. കവയിത്രികൾക്കും കാമുകിമാർക്കും ഭ്രാന്തികൾക്കും അയ്യോ കഷ്ടം..!!

Thursday 17 March 2011

ജനാലയ്ക്കു മുന്നിൽ




ചുവരുകൾ മതിലുകളായ ഒരു ലോകത്തു നിന്ന് എത്തിനോക്കാൻ കഴിയുന്ന പെൺകുട്ടിയുടെ വീക്ഷണം എവിടം വരെ ചെന്നെത്തും? “റൊട്ടിയില്ലെങ്കിൽ കേയ്ക്കു കഴിച്ചു കൂടേ?” എന്നു ചോദിച്ചവൾ പരുഷയുക്തികളാൽ ഗില്ലറ്റിൻ ചെയ്യപ്പെടുമ്പോൾ, ജനലിനപ്പുറത്തെ ലോകം അവൾക്കു മുന്നിൽ ശോണലക്ഷ്മണരേഖ തീർക്കുകയാണ്. കണ്ണും കൈകാലുകളും കടം കൊള്ളാതെ, എന്റെ ഏകാന്തജാലകം തുറക്കട്ടെ ഞാൻ.

എന്റെ ബ്ലോഗിലേയ്ക്കു സ്വാഗതം......