Wednesday, 23 March 2011

പാഠപുസ്തകങ്ങൾ പറയാതിരുന്നത്....
സ്കൂൾക്ലാസ്സുകളിൽ ചരിത്രപുസ്തകങ്ങളിലെ സ്ഥിരം സ്മര്യപുരുഷനായിരുന്നു അക്ബർ. ‘മഹാനായ അക്ബർ’ എന്നാണ് പാഠപുസ്തകങ്ങളും ടീച്ചർമാരും വിളിച്ചിരുന്നത്. മാർജ്ജിനിൽ PV എന്ന് ചുരുക്കപ്പേരിൽ ‘പരീക്ഷയ്ക്കു വരും’ എന്ന ഭീഷണി എഴുതിച്ചേർത്ത സ്ഥിരം എസ്സേകൾ അദ്ദേഹത്തെക്കുറിച്ച് എല്ലാവർഷവും ടീച്ചർമാർ തരും. അദ്ദേഹത്തിന്റെ ഭരണകാലത്തെ ‘സുവർണ്ണകാല’മെന്നാണ് അവർ വിളിച്ചിരുന്നത്. തൻസെനിന്റെ സംഗീതം, വീർബലിന്റെ ബുദ്ധിവൈഭവം, ദിൻ ഇലാഹി, അക്ബർനാമ .. പറഞ്ഞാൽ തീരില്ല അദ്ദേഹത്തെപ്പറ്റി.

നമ്മുടെ കാലഘട്ടത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവളാണു ഞാൻ. പിന്നെയാണ് നൂറ്റാണ്ടുകൾക്കു പിന്നിലെ ഭാരതചക്രവർത്തിയുടെ മനസ്സ്! എങ്കിലും, പിൽക്കാല വായനയിൽ , മനസ്സിലെ അക്ബർവിഗ്രഹത്തെ തകർത്തുകളഞ്ഞ  ചില സംശയങ്ങൾ ഉന്നയിക്കാതെ വയ്യ.

സലിം രാജകുമാരനെ പ്രണയിച്ചു എന്നതു മാത്രമല്ലേ, രാജസ്ഥാൻ മരുഭൂമിയിലെവിടെയോ ജീവനോടെ ഖബറടക്കപ്പെടാൻ  അനാർക്കലി ചെയ്ത തെറ്റ്? വെറുമൊരു ദാസിപ്പെണ്ണ് ജീവിച്ചിരിക്കുന്നതിനെ ഭാരത ചക്രവർത്തി ഇത്ര ഭയന്നതെന്തിനായിരുന്നു?

പ്രജാക്ഷേമപരമായ നിരവധി കല്പനകൾ ചക്രവർത്തി പുറപ്പെടുവിച്ചുണ്ടാവാം. എന്നാൽ, ആ എല്ലാ നന്മകളെയും റദ്ദാക്കുന്ന ഒരു കല്പന കൂടി അക്ബറിൽ നിന്നുണ്ടായി. അതിഭീകരവും ദൂരവ്യാപകവുമായ ഒരുഗ്രശാസനം. ‘മുഗൾ രാജകുടുംബത്തിലെ ഒരു പെൺകുട്ടി പോലും വിവാഹിതയാകാൻ പാടില്ല‘ എന്ന് ! ഇത്രയും നിഷ്ഠൂരവും സ്വമാതാവിനെ നിഷേധിക്കുന്നതുമായ ഒരു വിധി പുറപ്പെടുവിക്കാൻ ആ ഭരണാധികാരിയെ പ്രേരിപ്പിച്ച ഘടകകമെന്തെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത്രയും സ്ത്രീവിദ്വേഷപരമായ (ആ പദം ഉപയോഗിക്കുന്നത് ക്ഷമിക്കുക) വിധികളും വിലക്കുകളും പ്രചീന നമ്പൂതിരിമാർ പോലും ഏർപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു. ഷാജഹാന്റെ പുത്രിയായ ജഹ്‌നാര  തന്റെ ആത്മകഥയിൽ മുഗൾഭരണത്തിന്റെ നിർദ്ദയത്വത്തെ രേഖപ്പെടുത്തിയിരിക്കുന്നത് നുറുങ്ങുന്ന ഹൃദയത്തോടെയേ നമുക്ക് വായിക്കാനാകൂ.

പാഠപുസ്തകങ്ങളുടെ ‘മഹാനായ അക്ബർ‘ എന്തേ ഹൃദയശൂന്യനായ ഭരണാധികാരിയായി?  എന്റെ മേൽ മുൻ‌വിധിയുടെ വിഷാരോപണം ഉന്നയിക്കാതെ ആരെങ്കിലും മറുപടി തന്നിരുന്നെങ്കിൽ.2 comments:

  1. ചരിത്രം എപ്പോഴും അടക്കിപ്പിടിച്ച വിലാപങ്ങൾ കൂടിയാണ്.

    ReplyDelete
  2. nannayittund,pinne oru kaaryam ee blog ne kkurichu ippozhanu ariyunnathu, athum ente oru friend thettayi log in cheythathinal, njan ithe peril word press l oru blog thudangiyirunnu, athonnu nokkane, oppam mattu llathum,

    ReplyDelete